ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ജാതിമതങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പായി മന്നന്‍മാര്‍ അധിവസിച്ചിരുന്ന ഈ പ്രദേശങ്ങളില്‍ ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഉടയന്‍കാവും, കോയിക്കലും, പള്ളിക്കാപറമ്പും ഇതിന് തെളിവുകളാണ്. പഴിഞ്ഞിപ്പാറ ഈ പഞ്ചായത്തിന്‍റെ പ്രാചീനതയെ എടുത്തുകാട്ടുന്നു. നയനമനോഹരമായ പന്തംപാച്ചി മലയും കരിമ്പാറകളും കോളൂര്‍ വെള്ളച്ചാട്ടവും കിഴക്കന്‍മലയും ചരിത്രപ്രാധാന്യമുള്ളവയാണ്. നാടുവാഴികളും തറവാട്ടുകാരും ഊരാളന്‍മാരും കരയാളന്‍മാരും പരസ്പരം സഹകരിച്ച് നെല്‍കൃഷി നടത്തിയിരുന്ന അന്യാദൃശ്യമായ ഒരു കാര്‍ഷിക-സാംസ്ക്കാരിക ചരിത്രം ഈ പഞ്ചായത്തിനുണ്ട്. നാടുവാഴികളില്‍ പ്രമുഖമായ ദേവത്രി വിക്രമന്‍ കുറ്റിയായണിക്കാട് ആസ്ഥാനമായി കൊട്ടാരവും കോവിലും കോട്ടയും വച്ച് വണരുളിയ അഞ്ചു തമ്പുരാന്‍ തെക്കത് ചരിത്രത്തിന്‍റെ താളുകളില്‍ രേഖപ്പെടുത്തപ്പെട്ടവയാണ്. സംഘകാലം മുതല്‍ ദേശങ്ങളെ തറകളായും ഊരുകളായും കരകളായും കോഡുകളായും വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യ ക്രമത്തില്‍ അധിഷ്ഠിതമാണ് ഈ പ്രദേശത്തെ കാര്‍ഷിക ചരിത്രം. ഈ പഞ്ചായത്തിലെ സ്ഥല നാമങ്ങള്‍ വിശകലനം ചെയ്യുമ്പോഴും ഈ ചരിത്രം മനസ്സിലാക്കാവുന്നതാണ്. “തറ” കളായ തറവാടുകളും, “ഊരു”കളായ കോളൂര്‍്, ചെമ്പൂര്, കീഴാറൂര്‍ തുടങ്ങിയവും ആര്യങ്കോട്, ചെമ്പിയാര്‍കോട്, മഞ്ചംകോട് മുതലായ “കോട്” കളും സ്ഥല നാമങ്ങളായി ഈ പ്രദേശത്തിന്‍റെ പൂര്‍വ്വകാല ചരിത്രത്തെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂര്‍ മഹാരാജവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ കുറ്റിയായണിക്കാട് കേന്ദ്രമാക്കി ഒളിവ് കാലം കഴിച്ചുകൂട്ടിയതായി ചരിത്രമുണ്ട്. അന്നത്തെ മാടമ്പിമാരുടെയും എട്ടുവീട്ടില്‍ പിള്ളമാരുടെയും ആക്രമണ ഭീക്ഷണി ഉണ്ടായിരുന്നിട്ടും കുറ്റിയായണിക്കാട് കേന്ദ്രമാക്കിയാണ് മാര്‍ത്താണ്ഡ വര്‍മ്മ പട ഒരുക്കിയത്. കൊല്ലവര്‍ഷം 1108-ല്‍ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കം ഉണ്ടായി. തുടര്‍ന്ന് പടര്‍ന്നുപിടിച്ച മാരകമായ മലമ്പനിയില്‍ അനേകം ആയിരം ആളുകള്‍ മരണപ്പെട്ടു. ഇതറിഞ്ഞ അമ്മ മഹാറാണിയും ശ്രീ ചിത്തിരതിരുനാളും ഡോക്ടര്‍മാരുടെ സംഘത്തോടൊപ്പം 1112 മിഥുനം 6-ാം തീയതി ആര്യങ്കോട് സ്ഥിതിചെയ്യുന്ന ഒറ്റശേഖരമംഗലം പോലീസ് ഔട്ട്പോസ്റ്റില്‍ എഴുന്നള്ളുകയും പ്രജകള്‍ക്ക് കൊയ്നയും (പ്രതിരോധമരുന്ന്) ഗുളികകളും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ജനങ്ങളുടെ പരാതി ഉണ്ടാകയാല്‍ അതുവരെ കാട്ട്പാതയായിരുന്ന ഒറ്റശേഖരമംഗലം ചെമ്പൂര് വെള്ളറട റോഡ് ജനോപകാരപ്രദമായി വെട്ടുന്നതിന് രാജാവ് മുട്ടിയറ ഭാഗ്യനാഥന്‍ നാടാര്‍ക്ക് കല്‍പന കൊടുത്തു. അങ്ങനെ നിര്‍മ്മിച്ച റോഡാണ് ഭാഗ്യനാഥന്‍ റോഡെന്ന് പഴമക്കാര്‍ പറയുന്ന ഇന്നത്തെ ചെമ്പുര് വെള്ളറട റോഡ് . റോഡ് തെളിഞ്ഞതിനെ തുടര്‍ന്ന് മുട്ടിയറ കുടുംബക്കാരുടെ 10 സെന്‍റ് തറയില്‍ കൊയ്ന കൊടുക്കുവാന്‍ ഓല ഷെഡ് വച്ച് കെട്ടിയതാണ് ഇന്നത്തെ പ്രൈമറി ഹെല്‍ത്ത് സെന്‍ററായി പില്‍ക്കാലത്ത് രൂപാന്തരപ്പെട്ടത്. ഈ പഞ്ചായത്തില്‍ ആര്യങ്കോട് കേന്ദ്രമാക്കി ഒരു അഞ്ചല്‍ ഓഫീസ് ഉണ്ടായിരുന്നു. ഈ അഞ്ചല്‍ ഓഫീസാണ് ഒറ്റശേഖരമംഗലം പോസ്റ്റാഫീസ്. കാഞ്ഞില കുടുംബക്കാരുടെ അധീനതയില്‍ നടത്തപ്പെട്ടിരുന്ന കുടിപള്ളിക്കുടമാണ് കാലാന്തരത്തില്‍് മൈലച്ചല്‍ ഹൈസ്കൂളായി മാറിയത്. ക്രിസ്ത്യന്‍ മിഷണറിമാര്‍് ഈ പഞ്ചായത്തില്‍ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവ ദേവാലയമാണ് (ആര്‍.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചല്‍ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടര്‍ന്ന് എല്‍.എം.എസ് കാരും മറ്റ് സഭകളും ഈ പഞ്ചായത്തില്‍് വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് സ്ഥാപിച്ചു. മിഷനറിമാര്‍ ചെമ്പൂര് എല്‍.എം.എസ് പള്ളിയില്‍ ആരംഭിച്ച മലയാളം സ്കൂളാണ് പില്‍ക്കലത്ത് ആദ്യത്തെ ഇംഗ്ലീഷ് മിഡില്‍് സ്കൂളായി ഉയര്‍ത്തിയത്. 1050 ല്‍് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ആരംഭിച്ച കാവല്‍ മാടമാണ് “ഒറ്റശേഖരമംഗലം ഔട്ട് പോസ്റ്റ്” ആയി ഇന്നും ആര്യങ്കോട് നിലനില്‍ക്കുന്നത്. പാലന്തല കുടുംബത്തില്‍ നിന്നും സൌജന്യമായി നല്‍കിയ 26 സെന്‍റ് ഭൂമിയിലാണ് പോലിസ് ഔട്ട് പോസ്റ്റ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തില്‍ പുരാതന കാലം മുതല്‍ തന്നെ രാജ കുടുംബവുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇവിടെ ജനിച്ച ശ്രേഷ്ഠ വ്യക്തിയായിരുന്നു ഈശ്വരപിള്ള വിജാരിപ്പുകാര്‍ ആട്ടക്കഥ കലാകാരനായ അദ്ദേഹം മഹാരാജാവിന്‍റെ വീരശൃഖംല വാങ്ങിയിട്ടുണ്ട്. നെയ്യാര്‍ ഇറിഗേഷന്‍് കനാലുകളും അക്വഡക്ടുകളും (തൊട്ടിപ്പാലം) സൃഷ്ടിച്ച് ജനാധിപത്യ സര്‍ക്കാരുകളും ആര്യങ്കോട് പ്രദേശത്തെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നു.